ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇഡി ചോദ്യം ചെയ്യുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിച്ചു. മദ്യനയ കേസിൽ ഇന്ന് ഹാജരാകാനായിരുന്നു ഇഡി കവിതയ്ക്ക് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാണിച്ച് കവിത ഇഡിക്ക് മറുപടി നൽകുകയായിരുന്നു.
പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ഉപവാസ സമരത്തിൽ കവിത പങ്കെടുക്കുന്നുണ്ട്. നാളെ ജന്തർ മന്തറിലാണ് ബിആർഎസ് നേതൃത്വം നല്കുന്ന സമരം. ഇത് ചൂണ്ടിക്കാട്ടിയാണ് കവിത ഇഡിക്ക് മറുപടി നല്കിയത്. മുൻകൂട്ടി നിശ്ചയിച്ചതാണ് പരിപാടിയെന്നും കവിത വ്യക്തമാക്കി.
ഇതംഗീകരിച്ച ഇഡി ശനിയാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാനുള്ള നിർദ്ദേശമാണ് നല്കിയിരിക്കുന്നത്. കേസിൽ നേരത്തെ ഹൈദരാബാദ് അസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി അരുൺ ആർ പിള്ളയേയും കവിതയുടെ അക്കൗണ്ടന്റിനെയും അറസ്റ്റു ചെയ്തിരുന്നു. മദ്യനയ ഇടപാടിൽ 30 കോടി കൈക്കൂലി ഇവർ മുഖേന കവിതയിലേക്കെത്തി എന്നാണ് ആരോപണം.കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ ഇഡി ഇന്നും തിഹാർ ജെയിലിലെത്തി ചോദ്യം ചെയ്തു. തുടർച്ചയായി മൂന്നാം ദിവസമാണ് സിസോദിയയെ ചോദ്യം ചെയ്യുന്നത്.