ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയയെ പിന്തള്ളി ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായി ഇന്ത്യ. അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് രോഹിത് ശർമയും സംഘവും ഓസീസിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ പുറത്തിറക്കിയ പുതുക്കിയ റാങ്കിങ്ങിൽ 121 പോയിന്റുമായാണ് ഇന്ത്യ മുന്നിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ ഓസീസിന് 116 പോയിന്റാണുള്ളത്.
15 മാസത്തിനു ശേഷമാണ് ഇന്ത്യൻ പുരുഷ ടീം ടെസ്റ്റ് ക്രിക്കറ്റിലെ ഓസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനത്തുള്ള വാഴ്ച അവസാനിപ്പിക്കുന്നത്. 114 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. മറ്റ് റാങ്കിങ്ങുകളിലും മാറ്റം വന്നിട്ടില്ല. 122 പോയിന്റുമായി ഒന്നാമന്മാരായി നിന്ന ഓസീസ് ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇന്ത്യയ്‌ക്കെതിരായ തോൽവിയോടെ രണ്ടാം സ്ഥാനത്തേക്ക് വീണു. അന്ന് 2-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. ജൂൺ ഏഴിനാണ് ഇന്ത്യ ഓസീസ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്.