ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ നടന്ന ഖാലിസ്ഥാൻ അനുഭാവികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡൽഹി പൊലീസ്. യുഎപിഎ, പിഡിപിപി വകുപ്പുകൾ അടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സംഭവത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്തെ സമരത്തിൽ ഇന്ത്യൻ പൗരന്മാരായവർക്കും ബന്ധമുണ്ടെന്നാണ് വിവരം.
പഞ്ചാബിൽ അമൃത്പാൽ സിങ്ങിനെതിരായ നടപടിക്ക് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഇന്ത്യൻ പതാക ഖലിസ്ഥാൻ അനുകൂലികൾ അപമാനിച്ച സംഭവം ഞെട്ടിച്ചിരുന്നു. ഡൽഹിയിലെ ബ്രിട്ടൻ നയതന്ത്ര പ്രതിനിധിയെ അന്നു രാത്രി തന്നെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അക്രമം നടക്കുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്ന ചോദ്യമാണ് വിദേശകാര്യമന്ത്രാലയം ഉയർത്തിയത്.
ഇന്ത്യൻ ഹൈമ്മീഷൻ ഓഫീസിനു മുന്നിൽ സിഖ് വംശജർ നടത്തിയ പ്രതിഷേധം ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തിനു വിള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. യാതൊരു മുന്നറിയിപ്പും കൂടാതെ യുകെ ഹൈക്കമ്മീഷനും നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വസതിക്കും ഉണ്ടായിരുന്ന സുരക്ഷ ഇന്ത്യ പിൻവലിച്ചതായി റിപ്പോർട്ട് ഉണ്ട്.