ന്യുയോർക്ക്: ഇലോൺ മസ്‌കിനെ കുറിച്ചു വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ തെരഞ്ഞുപിടിച്ച് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. വാഷിങ്ടൺ പോസ്റ്റിലേയും ന്യൂയോർക്ക് ടൈംസിലേയും പ്രവർത്തിക്കുന്ന നിരവധി മാധ്യമപ്രലവർത്തകരുടെ അക്കൗണ്ടുകളാണ് തെരെഞ്ഞ് പിടിച്ച് ട്വിറ്റർ സസ്പെൻഡ് ചെയ്തത്. എന്നാൽ ഈ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാനുള്ള കാരണം എന്താണെന്ന് ട്വിറ്റർ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ റയാൻ മാക്ക്, വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർ ഡ്ര്യൂ ഹാർവെൽ, സി എൻ എൻ റിപ്പോർട്ടർ ഡോണി ഒ സള്ളിവൻ, മാഷബിൾ റിപ്പോർട്ടർ മാറ്റ് ബൈന്റർ, എന്നവർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ചിലരാണ്. യു.എസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോർട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആരോൺ റുപാറിന്റെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തു.
അടുത്തകാലത്തായി ഇലോൺ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റർ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.ട്വിറ്ററിന്റെ ഡോക്‌സിങ് റൂൾ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവർത്തകർക്കും ബാധകമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോൺ മസ്‌ക് മറുപടി നൽകിയത്.
മറ്റുള്ളവരുടെ വ്യക്തിവിവരങ്ങൾ പൊതുമധ്യത്തിൽ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്‌സിങ് റൂൾ. വ്യാഴാഴ്ച മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടർന്ന് വിവരങ്ങൾ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂൾ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവർത്തകരുടേയും അക്കൗണ്ടുകൾ പൂട്ടിയത് എന്നാണ് സൂചന.