അധികാരം ഏറ്റെടുത്തതിനു ശേഷം ട്വിറ്റർ ജീവനക്കാരെ ഇലോൺ മസ്‌ക് പുറത്താക്കുന്ന നടപടി അവസാനിക്കുന്നില്ല. സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം, ഇപ്പോൾ ഇലോൺ മസ്‌ക് 4000 കരാർ ജീവനക്കാരെ മുൻകൂർ അറിയിപ്പ് നൽകാതെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ട്വിറ്റർ കമ്പനിയുമായി അടുത്തവൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ട്വിറ്റർ 4000 മുതൽ 5000 വരെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി വൃത്തങ്ങൾ തന്നോട് വെളിപ്പെടുത്തിയെന്ന് ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥനായ കേസി ന്യൂട്ടൺ വ്യക്തമാക്കി. പുതിയ പുറത്താക്കൽ നടപടി ഈ സൈറ്റ് പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഉള്ളടക്ക മോഡറേഷനിലും കോർ ഇൻഫ്രാ സേവനത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിന്റെ 50 ശതമാനം ജീവനക്കാരെയും മസ്‌ക് പുറത്താക്കിയിരുന്നു. ആ നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ട്വിറ്ററിൽ നിന്നുള്ള ഈ പുതിയ പിരിച്ചുവിടലുകൾ. ഇന്ത്യൻ ഓഫീസിൽ 90 ശതമാനം ജീവനക്കാരെയും പുറത്താക്കിയെന്നാണ് വിവരം.