ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ ആയിരുന്ന നീല കിളിയെ പുനഃസ്ഥാപിച്ച് സിഇഒ ഇലോൺ മസ്‌ക്. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോയായ നീലക്കിളിയുടെ ചിത്രം നീക്കി ഷിബ ഇനു എന്ന നായയുടെ മുഖമാക്കി കമ്പനി മാറ്റിയിരുന്നു. ഇത് വലിയ വാർത്തയായതിന് പിന്നാലെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ലോഗോ മസ്‌ക് പുനഃസ്ഥാപിച്ചത്.
ട്വിറ്ററിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ മാത്രമായിരുന്നു പുതിയ മാറ്റം വന്നിരുന്നത്. ഡോഗി കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആണ് ഷിബ ഇനു എന്ന നായ. ട്വിറ്ററിന്റെ പരമ്പരാഗത നീലക്കിളിയെ മാറ്റി ഈ നായയുടെ ചിത്രം വെക്കാനുള്ള കാരണം വ്യക്തമല്ല. എങ്കിലും ഡോഗ്‌കോയിന്റെ മൂല്യം മനഃപൂര്‍വം വര്‍ധിപ്പിച്ചെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിനെതിരെ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപകര്‍ നടത്തുന്ന കേസിന്റെ പശ്ചാത്തലത്തിലാണ് കിളിയെ തിരികെ എത്തിച്ചത് എന്നാണ് വിലയിരുത്തുന്നത്.
ട്വിറ്ററിന്റെ വെബ് ലോഗോ മാറ്റിയതിന് ശേഷം ഡോഗി കോയിന്റെ മൂല്യം 20 ശതമാനം ഉയർന്നിരുന്നു. എന്നാൽ നീലക്കിളിയെ പുനഃസ്ഥാപിച്ചതിന് തൊട്ട്പിന്നാലെ ഡോഗ്കോയിന്റെ മൂല്യം ഒമ്പത് ശതമാനം ഇടിഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തുടക്കമിട്ടതാണ് ഡോഗി കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി.ഡോഗി മീമിന്റെ സൂപ്പർ ഫാനാണ് ഇലോണ്‍ മസ്‌ക്.