ട്വിറ്റർ സിഇഒ ഇലോണ്‍ മസ്‌ക്കിന്റെ പരിഷ്കരണങ്ങൾ തുടർക്കഥകളായി മുന്നേറുന്നു. സോഷ്യൽ മീഡിയകളിൽ തരംഗമായി നിന്നിരുന്ന ട്വിറ്റർ ഇലോൺ മസ്കിന്റെ കൈയിലെത്തിയതിനു പിന്നാലെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോളിതാ ട്വിറ്റർ ലോഗോയായി ജനഹൃദയങ്ങൾ കീഴടക്കിയ നീലക്കിളിയെ പുറത്താക്കിയിരിക്കുകയാണ്. പകരം നായയാണ് ട്വിറ്റർ ആസ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഡോഗി കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആയ നായയാണ് ഇനിമുതല്‍ ട്വിറ്ററിന്റെ ലോഗോ. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ മാത്രമാണ് പുതിയ മാറ്റം.
ഷിബ ഇനു എന്ന നായയുടെ മുഖമാണ് ഡെസ്‌ക്ടോപ്പ് പതിപ്പിലുള്ളത്. മൊബൈലില്‍ വേര്‍ഷനില്‍ പഴയ നീലപ്പക്ഷി തന്നെയാണ് ലോഗോ. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തുടക്കമിട്ടതാണ് ഡോഗി കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി.
ലോഗോ മാറ്റത്തിന് പിന്നാലെ മസ്‌ക് പങ്കുവച്ച ട്വീറ്റും വൈറലായി. ട്വിറ്ററിന്റെ പുതിയ ലോഗോയിലുള്ള നായ കാറിനുള്ളിൽ ഇരുന്നുകൊണ്ട് പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥന് ലൈസൻസ് കൈമാറുന്നതും, ഇത് പഴയ ഫോട്ടോയാണെന്ന് പറയുന്നതുമായ രസകരമായൊരു ചിത്രമാണ് ട്വീറ്റ് ചെയ്തത്.
2022 മാർച്ച് 26ന് നീലപക്ഷിയുടെ ലോഗോയ്ക്ക് പകരം നായയെയാക്കണമെന്ന് ആവശ്യപ്പെട്ട് മസ്കിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു അജ്ഞാത സന്ദേശമെത്തിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ടിനൊപ്പം വാക്ക് പാലിച്ചുവെന്നും അദ്ദേഹം കുറിച്ചു.