ആരുടെയും കണ്‍വെട്ടത്തുപോലും വരാത്ത ഒരാളെ തേടിപ്പിടിച്ച് അവാര്‍ഡ് കൊടുക്കുക. കാലങ്ങള്‍ക്കുശേഷം, നല്‍കിയവര്‍ തന്നെ അതു തിരിച്ചെടുത്ത് അയാളെ കൊച്ചാക്കുക! മനുഷ്യനല്ല, മറിച്ച് പ്ലൂട്ടോ എന്ന ആകാശഗോളത്തിനായിരുന്നു ഈ ദുര്‍ഗതി. ഭൂമി അടക്കമുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കുള്ളന്‍ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും മറ്റനവധി വസ്തുക്കളും ഉള്‍പ്പെടുന്ന വമ്പനൊരു തറവാടാണ് നമ്മുടെ സൗരയൂഥം.
സൂര്യന്‍ എന്ന ഉഗ്രപ്രതാപിയായ ‘കാരണവർ“
സൂര്യന്‍ എന്ന ഉഗ്രപ്രതാപിയായ ‘കാരണവരാ’ണ് അതിന്റെ കേന്ദ്രം. കാരണവരെ സദാ ചുറ്റിക്കറങ്ങുന്ന ഗ്രഹങ്ങളില്‍ ഒന്‍പതാമനായി പ്ലൂട്ടോ രംഗപ്രവേശം ചെയ്യുന്നത് ഇന്നേയ്ക്ക് കൃത്യം 92 വര്‍ഷം മുന്‍പ്; 1930 ഫെബ്രുവരി 18ന്. യുഎസിലെ അരിസോണയിലുള്ള ലോവല്‍ വാനനിരീക്ഷണകേന്ദ്രത്തില്‍ ക്ലൈഡ് ടോംബോ എന്ന ജ്യോതിശാസ്ത്രജ്ഞനാണു പ്ലൂട്ടോയെ കണ്ടെത്തിയത്.
യുറാനസിനും നെപ്റ്റിയൂണിനുമപ്പുറം
വെറും കണ്ണുകൊണ്ടു കാണാവുന്ന ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ 5 ഗ്രഹങ്ങളെക്കുറിച്ചു മനുഷ്യന് പണ്ടുതൊട്ടേ അറിവുണ്ടായിരുന്നു. 1781ല്‍ ജര്‍മന്‍-ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെര്‍ഷല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ യുറാനസ് കണ്ടെത്തി.
അജ്ഞാതമായൊരു ആകര്‍ഷണകേന്ദ്രം യുറാനസിനടുത്തുണ്ടെന്നു തിരിച്ചറിഞ്ഞ ശാസ്ത്രലോകം 1846ല്‍ യുറാനസിനപ്പുറം മറ്റൊരു ഗ്രഹം കൂടി കണ്ടെത്തി; നെപ്റ്റിയൂണ്‍. ജോണ്‍ ആഡംസ്, ലെ വെരിയര്‍ എന്നീ ശാസ്ത്രജ്ഞരായിരുന്നു നിര്‍ണായകമായ ഈ കണ്ടെത്തലിനു പിന്നില്‍. അങ്ങനെ ഭൂമിയടക്കം സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി.
പിന്നീട്, നെപ്റ്റിയൂണിനെ സൂക്ഷ്മമായി നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ അതിന്റെ സഞ്ചാരപഥത്തിലും ഇളക്കമുള്ളതായി കണ്ടെത്തി. നെപ്റ്റിയൂണിനപ്പുറം മറ്റൊരു ഗ്രഹം കൂടിയുണ്ടെന്ന് ആദ്യമായി പറഞ്ഞത് യുഎസ് വ്യവസായിയും ജ്യോതിശാസ്ത്രജ്ഞനുമായ പേഴ്‌സിവല്‍ ലോവല്‍ ആണ്. ആ ഗ്രഹം കണ്ടെത്താന്‍ പത്തു വര്‍ഷത്തിലേറെക്കാലം അദ്ദേഹം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ലോവലിന്റെയും വില്യം പിക്കറിങ് എന്ന ശാസ്ത്രജ്ഞന്റെയും നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രമം തുടര്‍ന്ന ക്ലൈഡ് ടോംബോ 1930-ല്‍ ആ ഒന്‍പതാം ഗ്രഹം കണ്ടെത്തി. സൂര്യനില്‍ നിന്ന് ഏറ്റവും അകലെ, തണുത്ത പാറക്കഷണം പോലുള്ള ആ കൊച്ചുഗ്രഹത്തിന് ശാസ്ത്രലോകം പ്ലൂട്ടോ എന്നു പേരിട്ടു.
ഗ്രീക്കുപുരാണത്തിലെ, ഇരുട്ടും തണുപ്പും നിറഞ്ഞ പാതാളലോകത്തിന്റെ ദേവനായ പ്ലൂട്ടോയില്‍നിന്നാണ് ആ പേരു ലഭിച്ചത്. ഫെബ്രുവരി 18-നാണ് പ്ലൂട്ടോയുടെ ‘ജന്മദിന’മെങ്കിലും ആ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് മാര്‍ച്ച് 13-നായിരുന്നു.
തര്‍ക്കങ്ങള്‍
സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് ഏറെ അകലെയുള്ള ഗ്രഹങ്ങള്‍ പൊതുവേ ഭൂമിയേക്കാള്‍ വളരെ വലുതായിരിക്കും. തണുത്ത വാതകങ്ങള്‍ കൊണ്ടോ ഐസ് കൊണ്ടോ ആയിരിക്കും അവ നിര്‍മിക്കപ്പെട്ടിരിക്കുക. എന്നാല്‍, പ്ലൂട്ടോ ഭൂമിയേക്കാള്‍ ചെറുതാണ്. മാത്രമല്ല, അധികവും പാറകൊണ്ട് നിര്‍മിക്കപ്പെട്ടതാണത്. സൗരയൂഥത്തില്‍ മറ്റു ഗ്രഹങ്ങളെക്കാള്‍ ദീര്‍ഘവൃത്താകൃതിയിലുള്ളതും ചരിഞ്ഞതുമായ ഭ്രമണപഥമാണു പ്ലൂട്ടോയ്ക്ക്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കണ്ടെത്തിയ കാലം തൊട്ടേ പ്ലൂട്ടോയുടെ ഗ്രഹപദവിയെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
നെപ്റ്റിയൂണിനപ്പുറം ഐസ് പോലെ തണുത്ത വസ്തുക്കള്‍ ചിതറിക്കിടക്കുന്ന കൈപ്പര്‍ ബെല്‍റ്റിനെക്കുറിച്ച് (Kuiper Belt) പഠനം നടത്തിയ ചില ശാസ്ത്രജ്ഞര്‍ പ്ലൂട്ടോയെപ്പോലെ പലതും അവിടെയുണ്ടെന്നു തെളിയിച്ചു. 2005-ല്‍, പ്ലൂട്ടോയോട് ഏറെ സമാനതകളുള്ളതും പ്ലൂട്ടോയോളം വലുപ്പമുള്ളതുമായ മറ്റൊരു ഗോളം കണ്ടെത്തി. അതോടെ ശാസ്ത്രലോകം വലിയ ആശയക്കുഴപ്പത്തിലായി.
പ്ലൂട്ടോയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ 2006 ഓഗസ്റ്റില്‍ ഇന്റര്‍നാഷനല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) യോഗം ചേര്‍ന്നു. ഗ്രഹങ്ങളുടെ നിര്‍വചനത്തില്‍ പ്ലൂട്ടോ ഉള്‍പ്പെടുന്നില്ലെന്നു കണ്ടെത്തിയ അവര്‍ ഗ്രഹങ്ങളുടെ പട്ടികയില്‍നിന്നു പ്ലൂട്ടോയെ ഒഴിവാക്കി. അങ്ങനെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും എട്ടായി. നെപ്റ്റിയൂണിനു പുറത്ത് കൈപ്പര്‍ ബെല്‍റ്റില്‍ സൂര്യനെ ചുറ്റുന്ന പ്ലൂട്ടോ, സിയറീസ് (Ceres), എയറിസ് (Eris), മാകീമാകീ (Makemake) തുടങ്ങിയ ഗോളങ്ങളെയെല്ലാം ‘കുള്ളന്‍ ഗ്രഹങ്ങളാ’യി (Dwarf Planets) പ്ര്യഖ്യാപിച്ചു.
എന്താണ് ഗ്രഹം?
സ്വന്തം ഗുരുത്വാകര്‍ഷണബലം കൊണ്ട് ഗോളാകൃതിയിലാകാന്‍ കഴിയുന്നത്ര വലുപ്പമുള്ള, നക്ഷത്രത്തെ ചുറ്റുന്ന, മറ്റൊന്നിന്റെയും ഉപഗ്രഹമല്ലാത്ത, സ്വന്തം ഭ്രമണപഥത്തിനുസമീപം ചുറ്റിക്കറങ്ങുന്ന മറ്റു വസ്തുക്കളെയൊക്കെ ഒഴിവാക്കിയ ഗോളങ്ങളാണ് ഗ്രഹങ്ങള്‍. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) ഗ്രഹങ്ങള്‍ക്കു നല്‍കുന്ന നിര്‍വചനമാണിത്. സമാനവലുപ്പമുള്ള പല ആകാശഗോളങ്ങളും തൊട്ടടുത്തുള്ള, ‘ക്ലീന്‍’ ഭ്രമണപഥമില്ലാത്ത പ്ലൂട്ടോ അങ്ങനെയാണ് കുള്ളന്‍ ഗ്രഹമായി തരം താഴ്ത്തപ്പെട്ടത്.
പ്ലൂട്ടോ ഫാക്റ്റ്‌സ്
അമേരിക്കന്‍ ഐക്യനാടുകളുടെ ഏതാണ്ട് പകുതി വലുപ്പമേയുള്ളൂ പ്ലൂട്ടോയ്ക്ക്. അതിന്റെ ഉപഗ്രഹമായ ചാരണിനാകട്ടെ, പ്ലൂട്ടോയുടെ പകുതി വലുപ്പമുണ്ടുതാനും!
പ്ലൂട്ടോയില്‍നിന്ന് നോക്കിയാല്‍ പ്രകാശിക്കുന്ന ഒരു ബിന്ദു ആയിട്ടേ സൂര്യനെ കാണാനാകൂ. പൂര്‍ണചന്ദ്രനുള്ള രാത്രി ഭൂമിയില്‍ കിട്ടുന്ന അത്രയും പ്രകാശമേ സൂര്യനില്‍നിന്ന് പ്ലൂട്ടോയ്ക്ക് ലഭിക്കൂ! ഭൂമിയില്‍ 45 കിലോ ഭാരമുള്ള ഒരാള്‍ക്ക് പ്ലൂട്ടോയില്‍ വെറും 3 കിലോയേ ഉണ്ടാകൂ!
ഭൂമിയിലെ വര്‍ഷക്കണക്കനുസരിച്ച് പ്ലൂട്ടോയില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ നമ്മള്‍ 248 വര്‍ഷം കാത്തിരിക്കേണ്ടിവരും!
പ്ലൂട്ടോയുടെ ഉപരിതലത്തിലെ തണുപ്പ് എത്രയെന്നോ? മൈനസ് 4170C ! സൂര്യനില്‍നിന്ന് അകലുന്നതനുസരിച്ച് തണുപ്പ് പിന്നെയും കൂടും. നാസയുടെ പ്ലൂട്ടോ ദൗത്യമാണ് ‘ന്യൂ ഹൊറൈസണ്‍സ്’. 2006 ജനുവരി 19-ന് വിക്ഷേപിച്ച റോബട്ട് സ്‌പേസ്‌ക്രാഫ്റ്റ് 2015 ജൂലൈയില്‍ പ്ലൂട്ടോയിലെത്തി. പ്ലൂട്ടോയിലും കൈപ്പര്‍ ബെല്‍റ്റിലുമായി പഠനം നടത്തുകയാണ് ലക്ഷ്യം.