ന്യൂയോർക്ക്: അമേരിക്കയിൽ ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വീടിനകത്തെ വായു മലിനപ്പെടാൻ ഗ്യാസ് സ്റ്റൗ കാരണമാകുന്നുവന്നും അതുമൂലം കുട്ടികളിൽ ആസ്ത്മമയടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്യാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ നിർദ്ദേശിച്ചിരുന്നു. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജൻസി കമ്മീഷ്ണർ റിച്ചാർജ് ട്രംക ബ്ലൂംബർഗിനോട് പറഞ്ഞത്.
2022 ഡിസംബറിൽ ഇന്റേണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസചർച്ച് ആന്റ് പബ്ലിക് ഹെൽത്ത് നടത്തിയ പഠന പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്ത്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈൽഡ്ഹുഡ് ആസ്ത്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തിൽ പറയുന്നത്.
ഗ്യാസ് സ്റ്റൗവുകൾ നൈട്രജൻ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കിൽ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. അൽപ നേരം നൈട്രജൻ ഡയോക്‌സൈഡ് ശ്വസിച്ചാൽ കുട്ടികളിൽ ആസ്ത്മ പ്രശനം ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. കൂടുതൽ നേരം നൈട്രജൻ ഡയോക്‌സൈഡുമായി സമ്പർക്കത്തിൽ വരുന്നതോടെ രോഗം മൂർച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.
യുഎസിലെ ബെർക്ലി, സാൻ ഫ്രാൻസിസ്‌കോ, ന്യൂയോർക്ക് സിറ്റി പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങളിൽ പ്രകൃതിദത്ത വാതകങ്ങൾ ഉപയോഗിക്കുന്നത് ഇതിനോടകം തന്നെ നിരോധിച്ച് കഴിഞ്ഞു.