റോഹിങ്ക്യൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ വൻ തീപിടുത്തം. ‘കോക്സ് ബസാർ’ ക്യാമ്പിൽ ഞായറാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 2000 ത്തോളം വീടുകളാണ് കത്തിയമർന്നത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മ്യാന്മറിൽ നടന്ന ആഭ്യന്തര കലാപത്തിനിടെ ജീവരക്ഷാർത്ഥം ബംഗ്ലാദേശിലേക്ക് കുടിയേറിയ വിഭാഗമാണ് റോഹിങ്ക്യ മുസ്ലീങ്ങൾ.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഏകദേശം 12000ത്തോളം റോഹിങ്ക്യകൾ ഭവനരഹിതരായി എന്നാണ് കണക്ക്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. “ഏതാണ്ട് 2,000 ഷെൽട്ടറുകൾ കത്തിനശിച്ചു, 12,000 ത്തോളം മ്യാൻമർ പൗരന്മാരുടെ അഭയകേന്ദ്രം നഷ്ടമായി” ബംഗ്ലാദേശ് അഭയാർഥി കമ്മീഷണർ മിജാനുർ റഹ്മാൻ പറഞ്ഞു. തീപടരുന്നത് മൂന്ന് മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശത്തെ 35 പള്ളികളും 21 പഠന കേന്ദ്രങ്ങളും കത്തിനശിച്ചതായും അദ്ദേഹം പറഞ്ഞു.