ബാഴ്‌സലോണ: എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. അറൗഹോയുടെ ഓൺഗോളിൽ പിന്നിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ബാഴ്‌സ ജയിച്ചത്. ഇഞ്ചുറി ടൈമിൽ ഫ്രാങ്ക് കെസിയാണ് വിജയഗോൾ നേടിയത്. സെർജി റോബർട്ടോയുടെ വകയായിരുന്നു മറ്റൊരു ഗോൾ. 26 കളിയിൽ 68 പോയിന്റുള്ള ബാഴ്‌സയാണ് ലീഗിൽ ഒന്നാമത്. റയലുമായുള്ള പോയിന്റ് വ്യത്യാസം 12 പോയിന്റായി ഉയർത്താനും ബാഴ്‌സയ്ക്കായി. കളി തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങിയാണ് സ്വന്തം തട്ടകത്തിൽ ബാഴ്‌സ തുടങ്ങിയത്. ബാഴ്‌സ താരം റൊണാൾഡ് അരൗജോയുടെ അബദ്ധമാണ് റയലിന് തുടക്കത്തിൽ തന്നെ ലീഡ് നൽകിയത്. ഒരു ഗോളിന് പിന്നിൽ നിന്നിട്ടും അവർ പതിയെ താളം കണ്ടെത്തിയാണ് ഗംഭീര തിരിച്ചു വരവ് നടത്തിയത്.
വിനിഷ്യസ് ജൂനിയറിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ പ്രതിരോധത്തിൽ ബാഴ്‌സയ്ക്ക് അരൗജോയുണ്ടെന്നായിരുന്നു എൽ ക്ലാസിക്കോയ്ക്ക് മുൻപ് ആരാധകർ പറഞ്ഞത്. അത് തന്നെ സംഭവിച്ചെങ്കിലും താരത്തിന്റെ കണക്കു കൂട്ടൽ ഒൻപതാം മിനിറ്റിൽ തന്നെ തെറ്റി. വിനിഷ്യന്റെ ഒരു ക്രോസ് പ്രതിരോധിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ആരൗജോയുടെ തലയിൽ തട്ടി പന്ത് ബാഴ്‌സ വലയിൽ തന്നെ കയറിയത്.