ട്വിറ്ററിലെ സെർച്ച് ഫീച്ചറിലെ തകരാർ പരിഹരിക്കുന്നതിനായി ഇലോൺ മസ്‌ക് നിയോഗിച്ച പ്രമുഖ ഹാക്കർ ജോർജ് ഹോട്ട്‌സ് ട്വിറ്റർ വിട്ടതായി റിപ്പോർട്ട്. ജോലിയിലുൾപ്പെടെ മസ്‌കിന്റെ കടുംപിടുത്തങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഹോട്ട്‌സ് ട്വിറ്റർ വിടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്വിറ്ററിലെത്തി ഒരു മാസം തികയുന്നതിന് മുമ്പ് തന്നെയാണ് ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെയാണ് ഹോട്ട്‌സ് ട്വിറ്റർ വിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കമ്പനി വിടുന്നു, താൻ ഇനി മുതൽ ട്വിറ്റർ കുടുംബത്തിലെ അംഗമല്ല ഇത്രമാത്രം പറഞ്ഞുകൊണ്ടാണ് ഹോട്ട്‌സിന്റെ മടക്കം.
ജോഹോട്ടെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഹാക്കർ ഐഒസ് ജയിൽ ബ്രേക്കുകളുടെ പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്. 2007ൽ അതീവ സുരക്ഷിതമായ ഐ ഫോൺ സിംലോക്ക് തുറന്നാണ് ഇദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിച്ചത്. ഐ ഫോൺ ലോക്കുകൾ തകർക്കുമ്പോൾ വെറും 17 വയസ് മാത്രമായിരുന്നു ജോയുടെ പ്രായം. പ്ലേസ്റ്റേഷൻ 3യുടെ സുരക്ഷ അട്ടിമറിക്കാൻ തനിക്ക് പ്ലാനുണ്ടെന്നും ജോ വെളിപ്പെടുത്തിയിരുന്നു.
ട്വിറ്ററിൽ അഡ്വാൻസ്ഡ് സെർച്ച് മെച്ചപ്പെടുത്തുക എന്ന ദൗത്യമേറ്റെടുത്താണ് ഇദ്ദേഹം ട്വിറ്ററിൽ എത്തിയിരുന്നത്. സദാ സമയവും ടെക്സ്റ്റ് ടൈപ്പ് ചെയ്ത് സെർച്ച് നടത്തുന്ന രീതിയെ അധികമായി ആശ്രയിക്കാതെ ട്വിറ്ററിനെ മെച്ചപ്പെടുത്താനാണ് മസ്‌ക് ഹാക്കറുടെ സേവനം തേടിയത്.