യുക്രെയ്നിൽ നടന്ന യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). അതേസമയം അയൽരാജ്യമായ യുക്രെയ്നിൽ ഒരു വർഷത്തെ അധിനിവേശത്തിനിടെ റഷ്യൻ സൈന്യം അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം രാജ്യം ആവർത്തിച്ച് നിഷേധിക്കുന്നുണ്ട്. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുകയും യുക്രെയ്നിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് ആളുകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന സംശയത്തെ തുടർന്നാണ് പുടിനെ അറസ്റ്റ് ചെയ്യാൻ ഐസിസി വാറണ്ട് പുറപ്പെടുവിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് കോടതി വാറണ്ട് പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ആദ്യ കോടതി നടപടിയാണിത്. ഇതേ കുറ്റങ്ങൾ ചുമത്തി റഷ്യയിലെ ബാലാവകാശ കമ്മീഷണർ മരിയ അലക്‌സെയേവ്‌ന എൽവോവ-ബെലോവയ്‌ക്കെതിരെയും കോടതി പ്രത്യേകം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.