ഗാസാ മുനമ്പിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് പലസ്തീൻ സർക്കാർ അറിയിച്ചു.
മരിച്ച ആളുകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എത്ര പേർക്ക് പരിക്കേറ്റു എന്നതും വ്യക്തമല്ല. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ 10 പേരെങ്കിലും കൊല്ലപ്പെട്ടതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ആക്രമണത്തിൽ തങ്ങളുടെ മൂന്ന് പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജിഹാദ് അൽ ഗന്നം, ഖലീൽ അൽ ബഹ്തിനി, താരിഖ് ഇസ് അൽ ദീൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഭാര്യമാരും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര കുട്ടികൾ കൊല്ലപ്പെട്ടെന്നോ അവരുടെ പ്രായത്തെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല