പനമായുമായി നടന്ന സൗഹൃദ മത്സരത്തിൽ ഇരട്ടി മധുരം സ്വന്തമാക്കി അർജൻറീനൻ നായകൻ മെസി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം മെസിയും തിയാഗോ അൽമാഡയും അർജന്റീനയ്ക്കായി ഗോൾ നേടി. മെസി നേടിയ ഫ്രീകിക്ക് ഗോളിലൂടെ പ്രൊഫഷണൽ കരിയറിൽ 800 ഗോളുകൾ എന്ന നേട്ടത്തിലേക്കെത്താൻ കഴിഞ്ഞ മത്സരത്തിലബടെ അദ്ദേഹത്തിനു സാധിച്ചു. 828 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് മുന്നിലുള്ളത്. വരാനിരിക്കുന്ന ഏതെങ്കിലും ഒരു മത്സരത്തിൽ നിന്നും ഒരു ഗോൾ കൂടി സൂപ്പർ താരത്തിന്റെ കാലുകളിൽ നിന്നും പിറവിയെടുത്താൽ അർജന്റീനയ്ക്കായി 100 ഗോളുകൾ നേടുന്ന താരമായി ഫുട്ബോൾ ഇതിഹാസം മാറും.
കഴിഞ്ഞ ദിവസം നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചിരുന്നു . രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് അർജന്റീന വിജയഗോൾ കണ്ടെത്തിയത്. 78-ാം മിനിറ്റിൽ അൽമാഡയും 89-ാം മിനിറ്റിൽ ലയണൽ മെസിയും ഗോൾ നേടി. മെസിയുടെ ഗോൾ നേട്ടത്തോടെ 800 ഗോളുകൾ പൂർത്തിയാക്കുന്ന താരമായി.

ഫ്രീ കിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂർത്തിയാക്കിയത്. 78-ാം മിനിറ്റിൽ പിറന്ന ഗോളിന് പിന്നിലും മെസിയുടെ ഫ്രീകിക്കായിരുന്നു. 77-ാം മിനിറ്റിൽ മെസി എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിയെങ്കിലും കിട്ടിയ അവസരം മുതലാക്കി അൽമാഡ അർജന്റീനയ്ക്കായി ഗോൾ സ്വന്തമാക്കി.
ഡിസംബർ 18ന് ഫ്രാൻസിനെതിരെയുള്ള ലോകകപ്പിലെ ഫൈനൽ മത്സരത്തിന് ശേഷം ആദ്യമായാണ് അർജന്റീന ടീം കളിക്കളത്തിൽ ഇറങ്ങിയത്. മുപ്പത്തിയഞ്ച് താരങ്ങൾ അടങ്ങുന്ന ടീമിനെയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കെലോണി സൗഹൃദ മത്സരങ്ങൾക്കായി പ്രഖ്യാപിച്ചത്. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി റിപ്പോർട്ടുകളുണ്ടായിരുന്നു.