തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് വ്യക്തമാക്കി. വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാൻ സർക്കാർ വിളിച്ചുചേർത്ത ഹോട്ടൽ, ബേക്കറി സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിക്കുകയായിരുന്നു.
ഭക്ഷണം പാഴ്‌സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാൻ പാടില്ല. പാചകക്കാർക്കു ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഓഡിറ്റോറിയങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർക്കു എഫ്എഎസ്എ രജിസ്‌ട്രേഷൻ നിർബന്ധമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വൃത്തി അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുന്ന ഹൈജീൻ ആപ്പ് തയാറായിട്ടുണ്ട്. ഇത് ഉടൻ തന്നെ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടൽ, റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായാണ് മന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും.