ബഹിരാകാശത്ത് സുരക്ഷിതമായ ഒരു തീ കത്തിക്കല്‍ പരീക്ഷണം നടത്താനൊരുങ്ങുകയാണ് നാസ. ബഹിരാകാശത്തെ തീയുടെ സവിശേഷതകള്‍ തിരിച്ചറിയുകയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തുന്ന പരീക്ഷണത്തിന്റെ ലക്ഷ്യം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ബഹിരാകാശത്ത് സുരക്ഷിതമായി തീ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ‘തീക്കളി’.
വ്യത്യസ്തമായ പരിസ്ഥിതികളില്‍ വ്യത്യസ്ഥമായാണ് തീ കത്തുക. ഗുരുത്വവും വായുവിന്റെ സാന്നിധ്യവുമെല്ലാം തീ നാളങ്ങളെ സ്വാധീനിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ അതിവേഗത്തില്‍ തീ പടര്‍ന്നു പിടിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ വേഗം കെട്ടുപോവുകയും ചെയ്യും. ചന്ദ്രനിലും ചൊവ്വയിലും നിര്‍മിക്കുന്ന മനുഷ്യ കോളനികള്‍ തീപിടിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുകയെന്നും സൂചനയുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനേക്കാള്‍ ഇത്തരം നടപടികളായിരിക്കും കൂടുതല്‍ പ്രായോഗികമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കരുതുന്നത്.
സോളിഡ് ഫ്യുവല്‍ ഇഗ്‌നിഷന്‍ ആന്‍ഡ് എക്സ്റ്റിങ്ഷന്‍ (SoFIE) എന്ന പേരിലാണ് ബഹിരാകാശത്തെ തീ കത്തിക്കല്‍ പരീക്ഷണം നാസ നടത്തുക. ഇതിനു വേണ്ട സാമഗ്രികള്‍ നോര്‍ത്രോപ് ഗ്രുമ്മന്റെ ബഹിരാകാശ നിലയത്തിലേക്ക് 17ാം ചരക്കെത്തിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി എത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളില്‍ സുരക്ഷിതമായി തീ കത്താന്‍ സാധിക്കുന്ന ഒരു ചേംബറിനുള്ളിലായിരിക്കും പരീക്ഷണം നടക്കുക.
എങ്ങനെയാണ് തീ നാളങ്ങള്‍ പടരുന്നത്
‘എങ്ങനെയാണ് തീ നാളങ്ങള്‍ പടരുന്നത് വ്യത്യസ്ത വസ്തുക്കള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെയാണ് കത്തുക തുടങ്ങിയ വിവരങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായകമായിരിക്കും. ഭൂമിയില്‍ ഗുരുത്വത്തിന് തീയുടെ സ്വഭാവ സവിശേഷതകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഗുരുത്വമില്ലാത്ത സാഹചര്യത്തില്‍ അപ്രതീക്ഷിതമായ സ്വഭാവങ്ങള്‍ തീ കാണിച്ചാല്‍ വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സോഫി പരീക്ഷണത്തിന്റെ ഭാഗമായുള്ള ശാസ്ത്രജ്ഞന്‍ പോള്‍ ഫെര്‍ക്കുല്‍ പറയുന്നു.
സോഫി പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്ത് തീയുടെ പല സവിശേഷതകളും നിരീക്ഷിക്കും. ആളിപ്പടരാനുള്ള ശേഷി, കത്തലിനെ തുടര്‍ന്നുണ്ടാവുന്ന വാതകങ്ങള്‍, മണം തുടങ്ങി പലതും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കും. സോഫി പരീക്ഷണത്തിന്റെ ഭാഗമായി 2025 നവംബറിനുള്ളില്‍ അഞ്ച് ബഹിരാകാശ തീ പരീക്ഷണങ്ങള്‍ നടത്താനാണ് നാസയുടെ തീരുമാനം.
പരീക്ഷണം ബഹിരാകാശത്താണെങ്കിലും തീയുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് ലഭിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഭൂമിയിലും തീ കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ വേണ്ട വിവരങ്ങള്‍ നല്‍കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.