ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനികൾ അവർക്കുണ്ടായിരുന്ന നഷ്ടം നികത്തുകയും സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിലകുറയ്ക്കാനൊരുങ്ങുന്നത് എന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ത്രൈമാസപാദങ്ങളിൽ എണ്ണക്കമ്പനികളുടെ പ്രകടനം മികച്ചനിലയിലായിരുന്നു. നേരത്തെ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നഷ്ടം നികത്തണമെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല. ഒപെക് രാജ്യങ്ങളിൽ ചിലത് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചിരുന്നെങ്കിലും അത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. ജൂലൈ മുതൽ എണ്ണ ഉത്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചത്.
റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനാലാണ് ഇത്. റഷ്യയിൽ നിന്ന് വൻ വിലക്കുറവിലാണ് ഇന്ത്യ എണ്ണവാങ്ങുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ ഉയർന്നപ്പോഴും ഇവിടെ വിലകൂടാതിരുന്നതിന്റെ പ്രധാന കാരണവും ഇതായിരുന്നു.