Friday, June 9, 2023
spot_imgspot_img
HomeIndia37.16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ് ആപ്പ്

37.16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ് ആപ്പ്

വാട്സ് ആപ്പിൽ നിന്നും 37.16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ഇത്രയധികം അക്കൗണ്ടുകൾക്ക് നേരെ വാട്സ് ആപ്പിന്റെ നിരോധനം വന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. 

ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകൾ വാട്സ് ആപ്പ് നിരോധിച്ചിരുന്നു. ഇതിൽ 8.11 ലക്ഷം അക്കൗണ്ടുകൾ സജീവമായി നിരോധിച്ചതാണ്. ഈ വർഷം നവംബർ ഒന്നിനും നവംബർ 30നും ഇടയിൽ, 3,716,000 വാട്സ് ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. +91 ൽ തുടങ്ങുന്നത് നോക്കിയാണ് ഇന്ത്യൻ അക്കൗണ്ടുകളെ കണ്ടെത്തുന്നത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ നിരോധനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന കർശനമായ ഐടി നിയമങ്ങൾ പ്രകാരം വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും കംപ്ലയിൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പരാമർശിക്കേണ്ടതുണ്ട്. വൻകിട ടെക് കമ്പനികളുടെ അനിയന്ത്രിതമായ കണ്ടന്റ്മോഡറേഷൻ, നിഷ്‌ക്രിയത്വം എന്നിവയ്‌ക്കെതിരെ ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള സംവിധാനം രൂപീകരിക്കുന്നതിനുള്ള നിയമങ്ങളെ കുറിച്ച് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ മാസത്തെക്കാൾ കൂടുതൽ പരാതികൾ നവംബറിൽ ഉപയോക്താക്കളിൽ നിന്ന് വാട്ട്‌സ് ആപ്പിന് ലഭിച്ചിരുന്നു. നവംബറിൽ ഉപയോക്താക്കളിൽ നിന്ന് 946 പരാതികളാണ് ലഭിച്ചത്. അതിൽ 830 എണ്ണം അക്കൗണ്ടുകൾ നിരോധിക്കുന്നതിനുള്ള അപ്പീലിൽ ഉൾപ്പെടുന്നവയാണ്. അതിൽ 73 അക്കൗണ്ടുകൾക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. പരാതികൾ നേരത്തെ വന്നവയുടെ തനിപ്പകർപ്പാണെന്ന് കരുതുന്ന സന്ദർഭങ്ങളിലൊഴികെ ലഭിക്കുന്ന എല്ലാ പരാതികളോടും പ്രതികരിക്കുന്നതായി വാട്ട്‌സ് ആപ്പ് അറിയിച്ചു. ഒരു പരാതിയുടെ ഫലമായി അക്കൗണ്ട് നിരോധിക്കുമ്പോഴോ മുമ്പ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുമ്പോഴോ അവ റിപ്പോർട്ടിലെ ‘നടപടി’യുടെ കൂട്ടത്തിൽ ചേർക്കും.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!