ലാപാസ്: ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയെ പിടികൂടിയ ബൊളീവിയന്‍ ജനറല്‍ ഗാരി പ്രാദോ സാല്‍മണ്‍ (84) അന്തരിച്ചു. 1967ല്‍ ഗാരി പ്രാദോ സാല്‍മണ്‍ നേതൃത്വം നല്‍കിയ സൈനിക നടപടിയിലൂടെയാണ് ചെ ഗുവേരയെ പിടികൂടിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു സൈനിക നടപടി. ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തെയാണ് സൈനിക നടപടിയിലൂടെ ഗാരി പ്രാദോ സാല്‍മണ്‍ പരാജയപ്പെടുത്തിയത്.
ഈസമയത്ത് വലതുപക്ഷ സൈനിക സര്‍ക്കാരായിരുന്നു ബൊളീവിയ ഭരിച്ചിരുന്നത്. ചെ ഗുവേരയെ പിടികൂടിയ ഗാരി പ്രാദോ സാല്‍മണിനെ ദേശീയനായകനായാണ് അന്നത്തെ ബൊളീവിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
ക്യൂബന്‍ വിപ്ലവത്തില്‍ ഫിഡല്‍ കാസ്‌ട്രോയുടെ വലംകൈയായിരുന്നു അര്‍ജന്റീനയില്‍ ജനിച്ച ചെ ഗുവേര. വിപ്ലവ വിജയത്തിന് ശേഷം 1959ല്‍ ക്യൂബ വിട്ടു. പിന്നീട് അയല്‍രാജ്യങ്ങളില്‍ ഒളിപ്പോരിന് നേതൃത്വം നല്‍കി വരികയായിരുന്നു. ബൊളീവിയന്‍ തലസ്ഥാനമായ ലാപാസില്‍ നിന്ന് 830 കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള ലാഹിഗ്വേര ഗ്രാമത്തില്‍ വച്ചാണ് ചെ ഗുവേരയെ വെടിവെച്ചു കൊന്നത്.