Saturday, June 10, 2023
spot_imgspot_img
HomeIndiaവയനാട് എംപി അന്ന് കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് ഉണ്ടായിരുന്നെങ്കില്‍!; എന്താണ് രാഹുലിനെ കുടുക്കിയ 'മോദി പ്രസംഗം'?

വയനാട് എംപി അന്ന് കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് ഉണ്ടായിരുന്നെങ്കില്‍!; എന്താണ് രാഹുലിനെ കുടുക്കിയ ‘മോദി പ്രസംഗം’?

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ച് നടത്തിയ പ്രസംഗമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസിലേക്ക് നയിച്ച സംഭവം. കർണാടകയിലെ കോലാറിൽ 2019 ഏപ്രിൽ 13ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ ആയിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’- ഇതായിരുന്നു രാഹുലിന്റെ ‘മോദി പ്രസംഗം’.

വഴിമരുന്നിട്ട മോദി

രാഹുലിന് എതിരെ അന്നു തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിന് എതിരെ രംഗത്തുവന്നു.’ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കുടുംബാധിപത്യക്കാർ സ്ഥിരമാക്കിയിരിക്കുന്നു’ എന്നായിരുന്നു രാഹുലിന്റെ പരാമർശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ മറുപടി നൽകിയത്. ‘ ഇങ്ങനെയാണോ പ്രസംഗിക്കുന്നത്? അധിക്ഷേപ ഭാഷ പതിവാണ്, അത്തരക്കാരെ പുറത്താക്കണം. ഇവിടുത്തെ സാഹു സമുദായത്തെ ഗുജറാത്തിൽ മോദി എന്നാണ് വിളിക്കുന്നത്. അവരെല്ലാം കള്ളൻമാരാണോ? പ്രധാനമന്ത്രിയുടെ ഈ ചോദ്യത്തിന് പിന്നാലെയാണ് കേസിന് ആസ്പദമായ നീക്കം നടന്നത്.

പിന്നാലെ, രാഹുലിന്റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുലിന്റെ പരാമർശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.

അന്ന് കീറിയെറിഞ്ഞ ഓർഡിനൻസ് ഉണ്ടായിരുന്നെങ്കിൽ!

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം തുലാസിൽ ആടുമ്പോൾഒരു പതിറ്റാണ്ടു മുമ്പ് രാഹുൽ തന്നെ കീറിയെറിഞ്ഞ ഓർഡിനൻസിനെ കുറിച്ച് കൂടി ഓർക്കേണ്ടതുണ്ട്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാവുന്നത് ഒഴിവാക്കാൻ മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് രാഹുൽ പരസ്യമായി കീറിയെറിഞ്ഞത് രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (4) വകുപ്പ് അനുസരിച്ച് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ അംഗത്വം, അപ്പീൽ കാലയളവായ മൂന്നു മാസത്തേക്ക് റദ്ദാവില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 2013 ജൂലൈ പത്തിന് ഇത് സുപ്രീം കോടതി അസാധുവാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ.

സുപ്രീംകോടതി വിധി മറികടക്കാൻ മൻമോഹൻ സിങ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവരുടെ വിധി വരുന്നതിനു തൊട്ടു മുമ്പായി ആയിരുന്നു ഓർഡിനൻസ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിനെ ശക്തമായി വിമർശിച്ച രാഹുൽ ഗാന്ധി കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഡൽഹി പ്രസ് ക്ലബിൽ വച്ച് പരസ്യമായി കീറിയെറിഞ്ഞു. അടിമുടി കഥയില്ലാത്ത ഓർഡിൻസ് എന്നായിരുന്നു അന്നു രാഹുൽ ഓർഡിനൻസിനെക്കുറിച്ചു പറഞ്ഞത്. രാഹുലിന്റെ നടപടി കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ അതൃപ്തി ഉളവാക്കിയെങ്കിലും യുപിഎ സർക്കാർ ഓർഡിനൻസ് പിൻവലിക്കുകയായിരുന്നു.

രാഹുലിന്റെ ശിക്ഷ നടപ്പാക്കുന്നതിന് സൂറത്ത് കോടതി മുപ്പതു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിനകം അപ്പീൽ നൽകുകയും മേൽക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തില്ലെങ്കിൽ വയനാട്ടിൽനിന്നുള്ള പാർലമെന്റ് അംഗത്വം രാഹുവിന് നഷ്ടമാവും. മാത്രമല്ല, ആറു വർഷത്തേക്കു മത്സരിക്കുന്നതിനു വിലക്കും വരും.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!