Saturday, June 10, 2023
spot_imgspot_img
HomeLatest Newsകരഞ്ഞു കലങ്ങിയ കണ്ണുകള്‍; ഇടറിപ്പോയ മുദ്രാവാക്യങ്ങള്‍; സികെയുടെ അവസാന യാത്രയെ ഓര്‍ക്കുമ്പോള്‍

കരഞ്ഞു കലങ്ങിയ കണ്ണുകള്‍; ഇടറിപ്പോയ മുദ്രാവാക്യങ്ങള്‍; സികെയുടെ അവസാന യാത്രയെ ഓര്‍ക്കുമ്പോള്‍

ടി ടി ജിസ്മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

2012 മാര്‍ച്ച് 22ന് സഖാവ് സികെ ചന്ദ്രപ്പന്റെ ചേതനയറ്റ ശരീരവുമായി നീങ്ങിയ വിലാപയാത്ര വലിയചുടുകാട്ടില്‍ എത്തിയപ്പോള്‍ പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാനായി തടിച്ചുകൂടിയത്. ആ ദിവസം ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിതുമ്പുന്ന ഒരായിരം ഹൃദയങ്ങള്‍ സഖാവ് സികെയ്ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ഒരുപോലെ വിളിച്ചു, ‘ഇല്ലായില്ല മരിക്കുന്നില്ല സഖാവ് സികെ മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെ…’ പലരുടേയും മുദ്രാവാക്യങ്ങള്‍ തൊണ്ടയിടറി പുറത്തുവന്നില്ല. ഞങ്ങള്‍ക്കറിയാമായിരുന്നു, ജീവിതത്തില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്താണ് സഖാവ് പോയതെന്ന്… എന്നിട്ടും ഞങ്ങള്‍ കരഞ്ഞു, പിന്നേയും പിന്നേയും ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു… സഖാവ് സികെ ഇനിയില്ലെന്ന് ഞങ്ങളെ തന്നെ ഉറപ്പിക്കാന്‍ വേണ്ടി…

ആരായിരുന്നു സഖാക്കള്‍ക്ക് സികെയെന്ന് മനസ്സിലാക്കി തരുന്ന യാത്രയയപ്പ്… അത്രമേല്‍ മനുഷ്യര്‍ ആ സമര സഖാവിനെ സ്‌നേഹിച്ചിരുന്നു.

സഖാവിന്റെ ഓര്‍മ്മകള്‍ക്ക് 11 വര്‍ഷം തികയുകയാണ്. എങ്ങനെയാണ് ഒരുമനുഷ്യന്, ഇത്രയും ചടുലമായും ക്രിയാത്മകമായും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാധിക്കുക എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. നിരന്തരം പാര്‍ട്ടിക്ക് വേണ്ടി പോരാടിയ ജീവിതം. കണിശമായിരുന്നു നിലപാടുകള്‍. ഒരു വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയാല്‍, പിന്നെ പിന്നോട്ടില്ല. സ്വീകരിച്ച നിലപാടുകളില്‍ ഒട്ടുമേ സംശയമില്ല. കാരണം, അത്രമേല്‍ ആലോചിച്ച്, പഠിച്ച് ഉറപ്പിച്ച ശേഷമാകും സികെയില്‍ നിന്ന് ഒരു നിലപാട് പുറത്തുവരിക.

സഖാവ് മുന്‍പ് സ്വീകരിച്ച നിലപാടുകള്‍ ഇപ്പോഴും പല നിര്‍ണായക ഘട്ടങ്ങളിലും സഹായമായി എത്താറുണ്ട്. ആശയ വ്യക്തത സഖാവിന്റെ ജീവിതത്തില്‍ ഉടനീളമുണ്ടായിരുന്നു.

മതനിരപേക്ഷതയെ ഉയര്‍ത്തി പിടിച്ചുകൊണ്ട്, ഇന്ത്യയെ ഇന്ത്യയായി തന്നെ നിലനിര്‍ത്താന്‍ എഐവൈഎഫിന്റെ നേതൃത്വത്തില്‍ സേവ് ഇന്ത്യ മാര്‍ച്ചിന് തയ്യാറെടുക്കുമ്പോള്‍, സഖാവ് സികെയെ വീണ്ടും വീണ്ടുമോര്‍ക്കുന്നു. സമരവഴികളില്‍ ഞങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കിയ പ്രിയപ്പെട്ട സഖാവിന്റെ പോരാട്ട ജീവിതത്തെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. ലാല്‍ സലാം പ്രിയ സഖാവേ…

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!