കമ്പം: തമിഴ്നാട്ടിൽ നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കു വെടിവെച്ചത്. ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നു. യാത്രയിൽ രണ്ടു തവണ അരിക്കൊമ്പൻ തുമ്പിക്കൈ അനിമൽ ആംബുലൻസ് വാഹനത്തിന് പുറത്തേക്കിട്ടു. തുടർന്ന് വനംവകുപ്പ് ദൗത്യസംഘം വാഹനം നിർത്തി. ആന തുമ്പിക്കെ വീണ്ടും അകത്തേക്ക് ഇട്ടശേഷമാണ് യാത്ര തുടർന്നത്.
വെള്ളിമല വനമേഖലയിലേക്ക് മാറ്റാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുള്ളത്. എന്നാൽ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിലേക്ക് അരിക്കൊമ്പനെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.