മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികരെ തിരികെ കൊണ്ടുവരാൻ പുതിയ ബഹിരാകാശ വാഹനം അയക്കുമെന്ന് റഷ്യ. ഇതിനായുള്ള പുതിയ പേടകത്തിന്റെ പണിപ്പുരയിലാണ് റഷ്യയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സോയൂസ് എംഎസ് 23 എന്ന പേടകമാണ് പുതിയ ദൗത്യത്തിനായി ഒരുങ്ങുന്നത്. ഫെബ്രുവരി 20നാണ് പുതിയ വാഹനം ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുക.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികരെ തിരിച്ചെത്തിക്കേണ്ട സോയൂസ് എംഎസ് 22 എന്ന പേടകത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവരുടെ മടക്കയാത്ര വൈകിയിരുന്നു.
രണ്ട് റഷ്യക്കാരും ഒരു അമേരിക്കൻ പൗരനുമാണ് ബഹിരാകാശ നിലയത്തിലുള്ളത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സെർഗി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ, യുഎസ് സഞ്ചാരിയായ ഫ്രാൻസിസ്‌കോ റൂബിയോ എന്നിവരാണ് ബഹിരാകാശ നിലയത്തിലുള്ളത്. മാർച്ചിലാണ് ഇവർ തിരികെയെത്തേണ്ടിയിരുന്നത്.
എംഎസ് 23 എന്ന പേടകത്തിൽ ബഹിരാകാശത്ത് എത്തിയ യാത്രക്കാരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കും. അതിനു ശേഷം എംഎസ് 22 പേടകം യാത്രക്കാരില്ലാതെ ഭൂമിയിലെത്തും. റഷ്യൻ പദ്ധതി നടപ്പാകാതെ പോയാൽ സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകം ഉപയോഗിച്ച് യാത്രികരെ കൊണ്ടുവരാനുള്ള പദ്ധതി നാസയും ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്യപ്പെട്ട എഎംഎസ് 22വിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ലീക്കുണ്ടാവുകയായിരുന്നു. ചെറിയ വലിപ്പമുള്ള ഒരു ഉൽക്ക വന്നിടിച്ചതാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തൽ.