Friday, March 24, 2023
spot_img
HomeEditorialഒരു കൊടുങ്കാറ്റിന്റെ പേരാണ്, അമർജീത് കൗർ!

ഒരു കൊടുങ്കാറ്റിന്റെ പേരാണ്, അമർജീത് കൗർ!

ന്ത്യൻ തൊഴിലാളി വർ​ഗ്ഗത്തിന് ആവേശവും അഭിമാനവും നൽകുന്ന പെൺ പേരാണ് അമർജീത് കൗർ. രാജ്യത്തെ ഏറ്റവും വലിയ സംഘടിത ഇടത് ട്രേഡ് യൂണിയൻ എഐടിയുസിയെ നയിക്കുന്ന ധീര വനിത. 1952 ഏപ്രിൽ രണ്ടിന് ജനിച്ച അമർജീത് കൗർ എന്ന തീപ്പൊരി സഖാവ്,1936-ൽ എഐടിയുസി ജനറൽ സെക്രട്ടറിയായി മണിബെൻ കാര തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സ്വതന്ത്ര ഇന്ത്യയിലെ ഒരു കേന്ദ്ര ട്രേഡ് യൂണിയന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്.

പോരാട്ടങ്ങൾ അവസാനിക്കാത്ത ജീവിതമാണ് സഖാവിന്റേത്. 1969ൽ സ്കൂൾ വിദ്യഭ്യാസ സമയത്ത് പരീക്ഷ സമയക്രമം മാറ്റണം എന്നാവശ്യപ്പെട്ട് സഹപാഠികളെ കൂടെ കൂട്ടി സമരം ചെയ്തു തുടങ്ങിയതാണ് ആ പോരാട്ട ജീവിതം. സ്വാതന്ത്ര്യ സമര പോരാളി ആയിരുന്ന അച്ഛന്റെ മകൾക്ക്, സമര വഴിയല്ലാതെ മറ്റൊരു പാതയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു.

നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛനും കൂട്ടുകാർക്കും ഒപ്പം തൊഴിലാളി സമരങ്ങളിൽ പോയി മുദ്രാവാക്യം മുഴക്കിയത് പിന്നീട് ഓർത്തെടുക്കുന്നുണ്ട് അമർജീത്. പെൺകുട്ടികൾ രാഷ്ട്രീയം തെരഞ്ഞെടുക്കാൻ മടിച്ചിരുന്ന സമയത്ത് ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ രാമജാസ് കോളേജിൽ മത്സരിച്ചു പ്രസിഡന്റ് ആയി.

1972ൽ തൊഴിലാളി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പത്തു ദിവസം തിഹാർ ജയിലിൽ കഴിഞ്ഞു അമർജീത്. പുറത്തിറങ്ങിയ അമർജീത് കൗറിനെ തേടി സിപിഐ നേതാക്കളെത്തി. തങ്ങൾക്കൊപ്പം നിൽക്കാൻ ആയിരുന്നു സഖാക്കളുടെ ആവശ്യം. അതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള വഴി.

പാർട്ടി ഏൽപ്പിച്ച ദൗത്യം ആകട്ടെ, സമര പെരുമഴ തീർക്കുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിക്കാനുള്ള ചുമതലയും.സംഘടന പാഠവവും മികച്ച പ്രവർത്തന മികവും കൊണ്ടു 1979ൽ എഐഎസ്എഫിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി കൗർ. ഏഴ് വർഷക്കാലം എഐഎസ്എഫിനെ നയിച്ചു.തൊഴിലാളി പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള അമർജീത് കൗറിന്റെ തീരുമാനമാണ് ഡൽഹിയിലെ ടെക്‌സ്‌റ്റൈൽസ്, മിൽ സമരങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് ഇടപെടുന്നതിലേക്ക് നയിച്ചത്.

1999 മുതൽ 2002 വരെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻഎഫ്ഐഡബ്ല്യു)  ജനറൽ സെക്രട്ടറിയായി.

1994 മുതൽ 2017 വരെ എഐടിയുസി ദേശീയ സെക്രട്ടറി. തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ തൊഴിലാളി സംഘടനകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ കൗർ, സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയുള്ള നിരന്തര സമരങ്ങളിൽ ഏർപ്പെട്ടു.

കോർപറേറ്റ് ഭീമന്മാർക്ക് അമർജീത് കൗർ എക്കാലത്തും ഒരു തലവേദനയായി മാറി. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ ഓരോന്നായി നേടിയെടുക്കാൻ ഏതറ്റം വരേയും പോകുമെന്ന് അവർ കോർപ്പറേറ്റുകളെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.

102 വർഷത്തെ സമര പാരമ്പര്യമുണ്ട് എഐടിയുസി എന്ന മഹത്തായ തൊഴിലാളി സംഘടനയ്ക്ക്.അമർജീത് കൗർ എന്ന കരുത്തയായ ജനറൽ സെക്രട്ടറി മുന്നിൽ നിന്ന്‌ നയിക്കുമ്പോൾ, അതിന്റെ സമരച്ചൂട് ആളുന്നതേയുള്ളു…

പോരാട്ടം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രിയപ്പെട്ട സഖാവേ, അറുതി വെയിലിൽ പണിയെടുക്കുന്ന ഓരോ തൊഴിലാളിയും അമർജീത് കൗർ എന്ന പേര് ഹൃദയത്തിൽ ചേർത്തു വെക്കുന്നു… ഇനിയും സമര മഴകൾ തീർക്കുക, ഇനിയും പോരാട്ട വഴികളിൽ ഞങ്ങളെയാകെ പ്രകമ്പനം കൊള്ളിക്കുക…ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ ഇങ്ക്വിലാബ് വിളിക്കുക…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!