Saturday, June 10, 2023
spot_imgspot_img
HomeLatest Newsഎനിക്ക് അര മണിക്കൂർ കൂടി തരൂ, ഞാനീ പുസ്തകം വായിച്ചു തീർക്കട്ടെ…; ലെനിനെ വായിച്ച് ഇങ്ക്വിലാബ്...

എനിക്ക് അര മണിക്കൂർ കൂടി തരൂ, ഞാനീ പുസ്തകം വായിച്ചു തീർക്കട്ടെ…; ലെനിനെ വായിച്ച് ഇങ്ക്വിലാബ് വിളിച്ച് മരണത്തിലേക്ക് കയറിയ ഭഗത് സിങ്

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആലങ്കോട് ലീലാകൃഷ്ണന്റെ ‘മനുഷ്യൻ സുന്ദരനാണ്’ എന്ന പുസ്തകത്തിന്റെ ഒരുഭാഗം പ്രസാധകരുടെ അറിവോടെ പുനപ്രസിദ്ധീകരിക്കുന്നത്)

ഗത് സിങ്ങിനെ തൂക്കിക്കൊല്ലാൻ നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് ലാഹോർനഗരം അതിനെതിരായ പ്രകടനങ്ങൾകൊണ്ട് പ്രക്ഷുബ്ധമായിത്തീർന്നു. നഗരവാസികളൊന്നാകെ ഇളകിയിരമ്പി വന്ന് ജയിലിനു ചുറ്റും നിരന്നു. ജനക്കൂട്ടം ജയിൽ ആക്രമിച്ചേക്കുമോ എന്നു ഭയപ്പെട്ടു. അധികൃതർക്ക് തൂക്കിക്കൊല മാറ്റിവെക്കാൻ തീരുമാനിക്കേണ്ടിവന്നു. ആ തീരുമാനത്തിന്റെ സൂചനകളിൽ വിശ്വസിച്ച് ആളുകൾ പിരിഞ്ഞുപോയപ്പോൾ വളരെപ്പെട്ടെന്ന്, നിശ്ചയിച്ച ദിവസത്തിന്റെ തലേന്നു സന്ധ്യയ്ക്കു തിരക്കിട്ട് ഭഗത് സിങ്ങിനെ തൂക്കിലേറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ആ തീരുമാനം ഭഗത് സിങ്ങിനെ അറിയിച്ചപ്പോൾ യാതൊരു വൈമനസ്യവും കൂടാതെ ഭഗത് സിങ് പറഞ്ഞു, ‘എനിക്ക് അരമണിക്കൂർ കൂടി തരണം. ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീർക്കുവാൻ.’ ആ അപേക്ഷ അനുവദിക്കപ്പെട്ടു. അരമണിക്കൂറിനുള്ളിൽ പുസ്തകം വായിച്ചുതീർത്ത് ഭഗത് സിങ് സ്വന്തം മരണത്തിന് തയ്യാറായി. ആപുസ്തകം ലെനിന്റെ ജീവചരിത്രമായിരുന്നു.

തൂക്കുമരത്തിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ പതിവുള്ളതുപോലെ മുഖം കറുത്തതുണികൊണ്ടു മറയ്ക്കുവാൻ ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തയ്യാറായില്ല എന്നു മാത്രമല്ല, ‘ഈ മരണം ഞങ്ങൾ സ്വയം വരിച്ചതാണ്, അതുകൊണ്ട് കൊലക്കയർ ഞങ്ങൾ തന്നെ കഴുത്തിലണിഞ്ഞുകൊള്ളാം’ എന്നു പ്രഖ്യാപിച്ച് മൂന്നുപേരും സ്വയം കൊലക്കയർ കഴുത്തിലണിഞ്ഞു. തൂക്കുകയർ മുറുകും മുൻപ് മൂന്നു മുദ്രാവാക്യങ്ങൾ മുഴക്കി,
‘ഇങ്ക്വിലാബ് സിന്ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക.’
ഭഗത് സിങ്ങിനെയും രാജഗുരുവിനെയും സുഖ്ദേവിനെയും കൊലമരത്തിൽനിന്ന് രക്ഷിക്കാനുള്ള ഒരവസരം പ്രയോജനപ്പെടുത്തുന്നതിൽ മഹാത്മജി കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന എന്റെ എക്കാലത്തെയും തോന്നൽ ഞാനെന്റെ പ്രസംഗത്തിൽ മറച്ചുവെച്ചില്ല. ഗാന്ധി-ഇർവിൻ സന്ധിയുടെ വ്യവസ്ഥകളിൽ മഹാത്മജി നിർബന്ധപൂർവം ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ആ വിപ്ലവകാരികളുടെ ജീവൻ രക്ഷിക്കാനുള്ള വ്യവസ്ഥകൂടി ഉൾക്കൊള്ളിക്കാൻ സാധിക്കുമായിരുന്നു. ജവാഹർലാൽ നെഹ്റുപോലും അതിനുവേണ്ടി മഹാത്മജിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു.

പക്ഷേ ജയിലിലടയ്ക്കപ്പെട്ട പതിനായിരക്കണക്കിനു സ്വാതന്ത്ര്യസമരസേനാനികളെ വിട്ടയയ്ക്കുവാൻ വ്യവസ്ഥയുണ്ടായപ്പോൾ ബോംബു കേസുകൾപോലുള്ള ഗുരുതരമായ കുറ്റങ്ങളുടെ പേരിൽ ഭഗത് സിങ്ങിനെയും മറ്റും വിട്ടയയ്ക്കാനാവില്ലെന്ന ബ്രിട്ടീഷ് അധികൃതരുടെ തീരുമാനത്തിന് മഹാത്മജി വഴങ്ങുകയായിരുന്നു. താൻ വിലക്കിയിട്ടും കൂട്ടാക്കാതെ അക്രമത്തിന്റെ വഴി സ്വീകരിച്ചവരെന്ന നിലയിൽ ഭഗത് സിങ്ങിനോടും കൂട്ടാളികളോടും ഗാന്ധിജിക്കുണ്ടായിരുന്ന അതൃപ്തിയും ആ വഴങ്ങലിനു പിന്നിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ സായുധപാത സ്വീകരിച്ച എല്ലാ പോരാളികളോടും തന്റെ കടുത്ത അഹിംസാപക്ഷനിലപാടിന്റെ പേരിൽ മഹാത്മജി ഈ അതൃപ്തിയും എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. നേതാജി സുഭാഷ്ചന്ദ്ര ബോസിനോടും ഈ എതിർപ്പ് തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം ഗാന്ധിജി നിലനിർത്തിപ്പോന്നിരുന്നു.

ഒരു വർഗീയവാദിയുടെ വെടിയേറ്റ് 1948-ൽ ബിർളാ ഹൗസിൽ പിടഞ്ഞു തീർന്ന മഹാത്മാഗാന്ധിയുടെ യുഗപ്രഭാവത്വമുള്ള രക്തസാക്ഷിത്വചരിത്രത്തേക്കാൾ ഒട്ടും താഴെയല്ല ഇരുപത്തിനാലാമത്തെ വയസ്സിൽ കൊലക്കയറിൽ പിടഞ്ഞുതീർന്ന ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം. ഹിംസയുടെ മാർഗമവലംബിച്ചു എന്നതുകൊണ്ട് ആ ഹ്രസ്വജീവിതം ഉയർത്തിപ്പിടിച്ച കളങ്കമറ്റ മൂല്യബോധവും ആത്മാർഥതയും അസാധുവാകുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രംപോലെ സുദീർഘവും സങ്കീർണവും പലവിധ ധാരകളുൾച്ചേർന്നതുമായ ഒരു സമരചരിത്രത്തെ വിലയിരുത്തുമ്പോൾ ഹിംസയുടെയും അഹിംസയുടെയും മാനദണ്ഡങ്ങൾ മാത്രം വെച്ച് ശരിതെറ്റുകൾ പൂർണമായും നിർണയിക്കാവുന്നതല്ല.

ഏതു മഹത്തായ സ്വാതന്ത്ര്യസമരത്തിലും ഹിംസാമാർഗവും അഹിംസാമാർഗവുമുണ്ടാകും. സായുധപോരാട്ടം പൂർണമായും വെടിഞ്ഞുകൊണ്ട് ഒരു ധർമയുദ്ധവും മാനവചരിത്രത്തിൽ പൂർത്തിയായിട്ടില്ല. ആത്യന്തികമായി മഹാത്മജിയുടെ അഹിംസാമാർഗം വിജയം കണ്ടപ്പോഴും അതിന് ഊർജം പകർന്നുകൊണ്ട് ഭഗത് സിങ്ങിന്റെയും നേതാജിയുടെയും മറ്റനേകം വിപ്ലവകാരികളുടെയും രക്തസാക്ഷിത്വങ്ങൾ അതിനുള്ളിൽ പ്രവർത്തിച്ചിരുന്നു.

ഹിംസയും അഹിംസയും ധർമവും അധർമവും പരസ്പരപൂരകമായി നിന്നു പ്രവർത്തിച്ചുകൊണ്ടാണ് ഓരോ കൊണ്ടാടപ്പെട്ട അഹിംസാസമരത്തെയും ധർമയുദ്ധത്തെയും വിജയത്തിലെത്തിക്കുന്നത്. ഇത് ഏതു മാനവ വിമോചനസമരത്തിന്റെയും വൈരുധ്യാധിഷ്ഠിതമായ ചരിത്രജ്ഞാനമാണ്. രക്തസാക്ഷികളുടെ കത്തിപ്പടരുന്ന രക്തം ലോകചരിത്രത്തിലെ എല്ലാ സ്വാതന്ത്ര്യസമരങ്ങളുടെയും ധർമം നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധനും നരിയും ഞാനും’ എന്ന കവിതയിൽ ഈ ചരിത്രസത്യത്തിന്റെ വൈരുധ്യാധിഷ്ഠജ്ഞാനം ഇടശ്ശേരി ഉപദർശിക്കുന്നുണ്ട്. ഒരു നാടകീയപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ആ ജന്മഗാന്ധിയനായ ഇടശ്ശേരി നരിയിൽനിന്ന് മനുഷ്യനെ രക്ഷിക്കുവാൻ അഹിംസാമൂർത്തിയായ ബുദ്ധനെ ആയുധമാക്കുകയും ബുദ്ധപ്രതിമകൊണ്ട് നരിയെ അടിച്ചുകൊല്ലുകയും ചെയ്യുന്നു. ഈ വൈരുധ്യത്തിൽ ഒരു ചിരന്തന ചരിത്രസത്യമുണ്ട്.

പതിനായിരങ്ങളെ കൊന്നൊടുക്കിയ ഒരു മഹായുദ്ധത്തിനൊടുവിലാണ് കലിംഗത്തുവെച്ച് അശോകൻ ബുദ്ധധർമത്തെ അറിയുന്നത്. ഉയിർത്ത ക്രിസ്തുവിന്റെ വിശ്വാസമല്ല കുരിശേറിയ ക്രിസ്തുവിന്റെ ചോര തന്നെയാണ് നിന്ദിതരും പീഡിതരും നിരാശ്രയരുമായ ജനതയ്ക്ക് വിമോചനസ്വപ്നമായി ഇന്നും നിലനില്ക്കുന്നത്. അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കൻ വിമോചനചരിത്രത്തിൽ ചെഗുവേരയെന്നതുപോലെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഭഗത് സിങ് മരണമില്ലാത്ത രക്തനക്ഷത്രമായി എക്കാലവും ജ്വലിച്ചുനില്ക്കും.

RELATED ARTICLES
spot_img

Most Popular

Recent Comments

error: Content is protected !!