Thursday, October 5, 2023
spot_imgspot_img
HomeKeralaആർഎസ്എസ്- ബിജെപി ഭരണകൂടത്തിനെതിരെ ശക്തമായ ബദൽ രൂപപ്പെടണം: ഡി രാജ

ആർഎസ്എസ്- ബിജെപി ഭരണകൂടത്തിനെതിരെ ശക്തമായ ബദൽ രൂപപ്പെടണം: ഡി രാജ

കണ്ണൂർ: ജാതി മത വർഗ്ഗീയ വേർതിരിവുകളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പരിശ്രമിക്കുന്ന ആർ എസ് എസ്- ബി ജെ പി ഭരണകൂടത്തിനെതിരെ ശക്തമായ ബദൽ രൂപപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കണ്ണൂരിൽ സിപിഐ(എം) 23-ാം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി- ആർഎസ്എസ് ഭരണത്തിൻ കീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ ശക്തിപ്പെടുകയാണ്. ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയായി മാറി. ആർഎസ്എസിനെ പ്രത്യയശാസ്ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. മതേതര, ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയിലൂടെ ആർ എസ് എസ് ഭരണത്തിന് അറുതി വരുത്താൻ കഴിയും. ഇതിനായി ഇടതുപക്ഷം രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളുമായും പ്രാദേശിക പാർട്ടികളുമായും സഹകരിച്ച് പോരാട്ടം ശക്തമാക്കണം. അത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.

ജാതി വ്യവസ്ഥയ്ക്കും പുരുഷാധിപത്യത്തിനും എതിരായ പോരാട്ടവും ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ആർഎസ്എസിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പരാജയപ്പെടുത്താനാവശ്യമായ ഐക്യം എങ്ങനെ കൈവരിക്കാമെന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണം. സിപിഐ(എം) 23-ാം പാർട്ടി കോൺഗ്രസും ഒക്ടോബറിൽ നടക്കുന്ന സിപിഐ 24-ാമത് പാർട്ടി കോൺഗ്രസും ഇത്തരം വിഷയങ്ങൾ ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണമറ്റ സമരങ്ങളുടെയും പോരാട്ടങ്ങളുടേയും ഫലമായാണ് കേരളത്തിൽ ഇടതുപക്ഷം മേൽക്കൈ നേടിയത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന് ഇടതുപക്ഷം വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ വികസന മാതൃക ജനകേന്ദ്രീകൃതമാണ്.

രാജ്യം വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഒരു നിർണായക കാലത്താണ് സിപിഐ(എം) പാർട്ടി കോൺഗ്രസ് നടക്കുന്നത്. തീവ്ര വലതുപക്ഷ ശക്തികളിൽ നിന്ന് വലിയതോതിലുള്ള ആക്രമണമാണ് നാം നേരിടുന്നത്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറൽ സംവിധാനവുമെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്. തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും മോദി സർക്കാരിനു കീഴിൽ അസംതൃപ്തരാണ്. തൊഴിലാളികളേയും മറ്റ് ജനവിഭാഗങ്ങളേയുമെല്ലാം പരസ്പരം ഭിന്നിപ്പിച്ച് ഭരണം തുടരുക എന്ന തന്ത്രമാണ് കേന്ദ്ര ഭരണകൂടത്തിന്റേത്. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ അവരെല്ലാം തെരുവിലിറങ്ങുകയാണ്. രാജ്യം വലിയ സാമ്പത്തിക തകർച്ചയിലാണ്. കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾ കോർപ്പറേറ്റ് ശക്തികളെ മാത്രമേ സഹായിക്കുന്നുള്ളൂ. പുരോഗമന പ്രസ്ഥാനങ്ങളെ എങ്ങിനെ അടിച്ചമർത്താമെന്നാണ് കോർപ്പറേറ്റ് അനുകൂല ഭരണകൂടം പരിശ്രമിക്കുന്നത്. ലോകമെങ്ങും ഫാസിസ്റ്റ് ശക്തികൾ അവരുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ജർമ്മനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികൾ അവരുടെ താവളങ്ങൾ ഭയാനകമായി വികസിപ്പിച്ചു. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമെല്ലാം മുതലാളിത്തരാജ്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ രാജ്യം ദാരിദ്ര്യത്തിൽ നിന്നും അസമത്വത്തിൽ നിന്നും മോചനം നേടിയിട്ടില്ല. ചെറു ന്യൂനപക്ഷം വരുന്ന കോർപ്പറേറ്റ് മൂലധന ശക്തികൾ സമ്പത്ത് കുന്നുകൂട്ടുമ്പോൾ രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ആളുകൾ ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുകയാണ്.

ബിജെപി സർക്കാർ നമ്മുടെ എല്ലാ ഭരണഘടനാ സംവിധാനങ്ങളേയും വരുതിയിലാക്കുകയാണ്. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം, വിദേശനയത്തിന്റെ സ്വതന്ത്ര സ്വഭാവം തുടങ്ങി എല്ലാം അട്ടിമറിക്കപ്പെടുന്നു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, പാർലമെന്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം കൈപ്പിടിയിലൊതുക്കുന്നു. സിബിഐയും ഇഡിയും പോലുള്ള നമ്മുടെ അന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ എതിരാളികൾക്കുമേൽ എങ്ങിനെ ഉപയോഗിക്കാമെന്നാണ് കേന്ദ്ര ഭരണകൂടം പരിശോധിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370ന്റെ ഏകപക്ഷീയമായ റദ്ദാക്കലും പുതിയ ലേബർ കോഡുകളുമെല്ലാം തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റേയും മേൽ ഇടിത്തീയാവുന്നു. യുഎപിഎ പോലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു.

റെയിൽവേ, എൽഐസി, ബാങ്കുകൾ തുടങ്ങി സുശക്തമായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നു. രാജ്യത്തിന്റെ ആയിരക്കണക്കിന് കോടിവരുന്ന പൊതുപണം കൊള്ളയടിച്ച സാമ്പത്തിക കുറ്റവാളികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് ഒളിച്ചുകടക്കാൻ കേന്ദ്ര ഭരണകൂടം ഒത്താശ ചെയ്യുന്നു. രാജ്യത്ത് തൊഴിലില്ലായ്മ പതിറ്റാണ്ടിന്റെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അപ്പോഴും അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കുത്തകകൾ അവരുടെ ആസ്തി അനുദിനം വർധിപ്പിക്കുന്നു.

ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും സമൂഹത്തെ വർഗീയപരമായി ധ്രുവീകരിക്കുന്നു. രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും അന്തരീക്ഷമാണ്. നാടിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള നടപടികൾ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയെപ്പോലും പൊളിച്ചെഴുതാനാണ് നീക്കം. ഹിന്ദുരാഷ്ട്രത്തിൽ അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് പരിശ്രമം. ഇതിന്റെ മറപിടിച്ച് രാജ്യത്തെങ്ങും ദളിതർക്കും ആദിവാസികൾക്കും നേരെ അക്രമം അഴിച്ചുവിടുന്നു. പുരുഷാധിപത്യവും ആർ എസ് എസ് ഭരണത്തിനു കീഴിൽ ശക്തിപ്പെടുകയാണ്. സ്ത്രീകളെ നികൃഷ്ടജീവികളായി കാണുകയും അവരെ ഇകഴ്ത്തുകയും ചെയ്യുന്ന മനുവാദി അജണ്ടയാണ് സംഘപരിവാർ ഭരണത്തിന്റെ മുഖമുദ്ര. എല്ലാത്തരം ചൂഷണങ്ങൾക്കും അടിമത്തത്തിനുമെതിരെ വർഗസമരം ശക്തമാക്കണം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമ്മ്യൂണിസം ഒരു അപകടകരമായ പ്രത്യയശാസ്ത്രമാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അതെ മിസ്റ്റർ മോദി, ഞങ്ങൾ ആർഎസ്എസിന്റെ വർഗീയ പ്രത്യയശാസ്ത്രത്തിന് അപകടകാരികൾ തന്നെയാണ്- ഡി രാജ പറഞ്ഞു.

ആർഎസ്എസിന്റെ വിദ്വേഷകരമായ പ്രത്യയശാസ്ത്ര സ്വാധീനത്തിൽ നിന്ന് സമൂഹത്തെ ശുദ്ധീകരിക്കണം. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ പുനരേകീകരണം എന്നത് ഞങ്ങളുടെ പാർട്ടി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. മാറിയ സാഹചര്യത്തിൽ തത്വാടിസ്ഥാനത്തിലുള്ള പ്രസ്ഥാനം ഉയർന്നുവരണം. സിപിഐ (എം) പാർട്ടി കോൺഗ്രസിന് എല്ലാവിധ വിജയാശംസകളും നേരുന്നതായും ഡി രാജ കൂട്ടിച്ചേർത്തു.

Share and Enjoy !

Shares
RELATED ARTICLES

1 COMMENT

Comments are closed.

യങ് ഇന്ത്യ ഓണം 2023 പ്രതേക പംക്തി

spot_img

Most Popular

Recent Comments

error: Content is protected !!
Shares