ട്വിറ്ററിന്റെ ആസ്തി വകകൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. സാമ്പത്തികമായി തകർന്ന് നിൽക്കുന്ന ട്വിറ്ററിന് താൽകാലിക ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് ലേല നടപടിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ആസ്ഥാനത്തുണ്ടായിരുന്ന ലോഗോയിലെ കിളിയുടെ പ്രതിമയും ഓഫീസ് ആവശ്യങ്ങൾക്കായുള്ള പ്രിന്റർ, ഐ മാക് സക്രീനുകൾ, മെഷീനുകൾ, കസേരകൾ, അടുക്കള ഉപകരണങ്ങൾ, പ്രൊജക്ടറുകൾ, പിസ്സ ഓവനുകൾ തുടങ്ങി അത്യാധുനിക ഉപകരണങ്ങളടക്കമുള്ള വസ്തുവകകളാണ് ഇക്കുറി മസ്ക് ലേലത്തിന് വെച്ചിരിക്കുന്നത്.

27 മണിക്കൂർ നീണ്ട് നിൽക്കുന്ന ഓൺലൈൻ ലേലത്തിലൂടെയാണ് വസ്തുക്കൾ വിൽക്കുന്നത്. ഗ്ലോബൽ പാർട്‌ണേഴ്‌സ് ഐഎൻസിക്കാണ് ലേലത്തിന്റെ നടത്തിപ്പ് ചുമതല. 64 ബിഡ്ഡുകൾ നേടിയ ട്വിറ്റർ കിളിയുടെ നിയോൺ ലോഗോയാണ് ലേലത്തിലെ ബിഡ്ഡുകളുടെ എണ്ണത്തിൽ നിലവിൽ മുന്നിലുള്ളത്. 17,500 ഡോളറായിട്ടുണ്ട് ലോഗോയുടെ ഇപ്പോഴത്തെ മൂല്യം. 25 ഡോളറിന്റെ ബിഡ്ഡിൽ തുടങ്ങിയ ലോഗോ പ്രതിമയ്ക്ക് 16,000 ഡോളറായപ്പോൾ, ‘@’ ചിഹ്നത്തിലുള്ള ചെടികൾ കൊണ്ടുള്ള ശിൽപ്പത്തിന് മൂല്യം 4,100 ഡോളറായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ലേലത്തിന് നിലവിലെ ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ലേലത്തിന്റെ നടത്തിപ്പുകാരുടെ വിശദീകരണം.
ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുത്തതോടെ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥാപനത്തിലെ വസ്തു വകകൾ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ മറ്റൊരു ഓഫീസ് കെട്ടിടത്തിന്റെ വാടക അടച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ ട്വിറ്റർ ഓഫീസുകളുടെ സാഹചര്യവും സമാനമാണെന്നാണ് റിപ്പോർട്ടുകൾ.