അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം നടത്തി യുഎഇ. യുഎഇ സമയം രാവിലെ 11.38ന് യുഎസിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ൽ നിന്നാണ് റാഷിദ് റോവറിന്റെ വിക്ഷേപണം നടന്നത്. അടുത്തവർഷം ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാഷിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.
യുഎഇ സമയം രാവിലെ 11. 39 ന് നടന്ന വിക്ഷേപണം തത്സമയം വീക്ഷിക്കാനായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തിയിരുന്നു. യുഎഇ ശാസ്ത്രജ്ഞരുടെ സംഘമാണ് 10 കിലോ ഭാരമുള്ള റാഷിദ് റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിർമിച്ചത്.
ചന്ദ്രനിലെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.