Friday, March 24, 2023
spot_img
HomeLatest Newsപ്രിയപ്പെട്ട പെണ്ണുങ്ങളെ, മതി ഈ 'ഒതുങ്ങി ജീവിതം'

പ്രിയപ്പെട്ട പെണ്ണുങ്ങളെ, മതി ഈ ‘ഒതുങ്ങി ജീവിതം’

അഡ്വ. വിനീത വിൻസന്റ്
എഐവൈഎഫ് യുവതി സബ് കമ്മിറ്റി കൺവീനർ

രു വനിതാ ദിനം കൂടി കടന്നു വരികയാണ്. ഓരോ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുമ്പോൾ, ഒരു ദിവസം മാത്രം സ്ത്രീകളുടെ ദിനമായി ആചരിച്ചാൽ മതിയോ എന്ന ചോദ്യവും ഏറെ പ്രസക്തമാകുന്നു. പണ്ടു കാലത്ത് അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിച്ചിരുന്ന സ്ത്രീകൾ ഇന്ന് അരങ്ങത്തേയ്ക്ക് വന്നു എന്ന് മാത്രമല്ല സ്വന്തം ജീവിതത്തിൽ, സാമൂഹിക ജീവിതത്തിൽ വ്യക്തിപരമായ കഴിവ് തെളിയിച്ച് മുന്നേറുവാൻ കഴിഞ്ഞിട്ടുണ്ട്. സ്വന്തം അഭിപ്രായം ഉമ്മറത്തേയ്ക്ക് വന്ന് ഉറക്കെ പറയുവാൻ സ്ത്രീകൾക്ക് കഴിയാതിരുന്ന സാഹചര്യത്തിൽ നിന്നാണ് ഇന്നത്തെ സ്ത്രീയുടെ മാറ്റം.

ഇന്നത്തെ സ്ത്രീകൾ വിദ്യസമ്പന്നരാണ്. അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടുവാൻ ആഗ്രഹിക്കുന്നവരല്ല. ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയണം എന്ന് തന്നെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്.

ഇന്ന് സ്ത്രീകളെ സമൂഹത്തിൽ ഏത് മേഖലയിൽ നിന്നാണ് മാറ്റിനിർത്താൻ കഴിയുന്നത്? തെങ്ങിൽ കയറുന്നത് മുതൽ വിമാനം പറത്തുന്നതുവരെ സ്ത്രീകൾക്ക് കഴിയും എന്ന് തെളിയിച്ചു തന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീകൾ പുരുഷനോടൊപ്പം തന്നെ തോളോട് തോൾ ചേർന്ന് നിന്ന് സമൂഹത്തിലെ വിവിധ തുറകളിൽ ജോലി ചെയ്യുന്നു.

സമത്വം എന്നത് ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന രീതിയിലേക്ക് ജീവിത സാഹചര്യങ്ങൾക്ക് മാറ്റം വന്നു കഴിഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഇന്ന് സ്ത്രീ നിറസാന്നിധ്യമായി കഴിഞ്ഞു. വിദ്യാഭ്യാസം ആർജിക്കുന്ന കാര്യത്തിൽ ഇന്ന് സ്ത്രീകൾ ഏറെ മുന്നിലാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.

കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും വിദ്യസമ്പന്നയായ സ്ത്രീസമൂഹം നിലനിൽക്കുമ്പോഴും സ്ത്രീധനത്തിന്റെ പേരിലും മറ്റു പല കാരണങ്ങൾ കൊണ്ടും പെൺകുട്ടികളിലെ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാസമ്പന്നയായ ഒരു പെൺകുട്ടി തന്നെയാണ് ഏറ്റവും വലിയ ധനം എന്നത് ആ പെൺകുട്ടിയുടെ സ്വന്തം മാതാപിതാക്കളും സമൂഹവും തിരിച്ചറിയാതെ പോകുന്നു. ഒരു ആയുഷ്കാലമത്രയും അധ്വാനിച്ച തുക മകൾക്ക് വിവാഹ സമയത്ത് ആടയാഭരണനമായും മെയ്യാഭരണമായും നൽകുന്ന മാതാപിതാക്കൾ അറിയുന്നില്ല താങ്കളുടെ മകളുടെ മരണത്തിലേക്കുള്ള വാതിൽ അവർ തന്നെ തുറന്നു കൊടുക്കുന്നു എന്നത്.

ഇന്ന് വിവാഹം സ്റ്റാറ്റസ് സിംബൽ ആയി മാറിക്കഴിഞ്ഞു. അയൽപക്കത്തുള്ള വീട്ടുകാർ കൊടുക്കുന്നതിനേക്കാൾ കൂടുതൽ സ്ത്രീധനം സ്വന്തം മകൾക്ക് കൊടുക്കുന്ന മാതാപിതാക്കൾ ഉള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സ്വർണവിഭൂഷിതയായ ഒരു വധുവിനെക്കാൾ നല്ലത് ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും അതിജീവിക്കുവാൻ പ്രാപ്തയായ ഒരു മകളെ വളർത്തിയെടുക്കുക എന്ന ദൗത്യമാണ് മാതാപിതാക്കൾ നിർവഹിക്കേണ്ടത്. ഇത്തരം നിർവഹണങ്ങൾ നടത്തപ്പെടുമ്പോഴാണ് മാതാപിതാക്കൾ സ്വന്തം മകളോടുള്ള സ്നേഹവും കടമയും നിർവഹിച്ചു എന്ന് പറയാൻ കഴിയുന്നത്.

ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നനങ്ങളും ദുരിതങ്ങളും ആരോടും പങ്കു വെയ്ക്കാൻ കഴിയാതെ, ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്ത് എത്തുമ്പോൾ, മറ്റു വഴികളില്ലാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്ന പെൺകുട്ടികളുടെ അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. എന്തുകൊണ്ടാണ് സ്വന്തം കുടുംബത്തിൽ ആയാലും വിവാഹം കഴിച്ചു ചെല്ലുന്ന കുടുംബത്തിലായാലും വിദ്യാഭ്യാസം ഉള്ള സ്ത്രീകൾക്ക് പോലും പ്രശ്നങ്ങളെ നേരിടുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത് എന്ന് ഈ വനിതാദിനത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് കാണിക്കുവാൻ പെൺകുട്ടികൾക്ക് കഴിയാതെ പോകുന്നത് സ്വന്തം കുടുംബത്തിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നും അത്തരം ഒരു അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവില്ലായ്മ കൊണ്ടാണ്. പാരന്റിങ് എന്നത് ഭർത്താവ് പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ അപ്പാടെ അംഗീകരിച്ചു ജീവിക്കണം എന്ന് ചൊല്ലി കൊടുക്കലല്ല. മറിച്ചു, ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ, സ്വന്തം ശരീരം വേദനിച്ചാൽ അതിനെ പ്രതോരോധിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്നു മനസിലാക്കി കൊടുക്കൽ ആകണം. സ്ത്രീ പുരുഷന്റെ അടിമയല്ലെന്നും സമത്വവും സ്വാതന്ത്ര്യവും പുരുഷന്റെയോ കുടുംബത്തിന്റെയോ ഔദാര്യമായി കിട്ടുന്നതല്ലെന്നും പെൺകുട്ടികളെ പഠിപ്പിക്കണം. അതിന് ആദ്യം മാറേണ്ടത് കുടുംബങ്ങളുടെ കാഴ്ചപ്പാടാണ്.

മാതാപിതാക്കൾ സ്വന്തം മകളെ സ്നേഹിക്കാനോ അവരെ കേൾക്കാനോ തയ്യാറാകുന്നില്ല. സ്ത്രീധന പീഡനം കാരണം നമ്മുടെ പെൺകുട്ടികൾ നിരന്തരം ആത്മഹത്യ ചെയ്യപ്പെടുമ്പോൾ/കൊല്ലപെടുമ്പോൾ നമ്മൾ വീണ്ടും വീണ്ടും പെൺകുട്ടികളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനാണ്. പൊന്നിന് പെണ്ണിനേക്കാൾ വിലയില്ലെന്നു പുരുഷ കേന്ദ്രീകൃത സമൂഹം തിരിച്ചറിയണം.

ഓരോ വർഷത്തിലും അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുമ്പോൾ അന്നേ ദിവസം മാത്രം സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ട് കാര്യമില്ല. വനിതാദിനത്തിൽ മാത്രം വാഹനങ്ങളിൽ സൗജന്യ യാത്ര, അവാർഡുകൾ വിതരണം ചെയ്യൽ, എല്ലാം സ്ഥാപനങ്ങളിലും ഒരു ദിവസത്തെ ഭരണം വനിതയ്ക്ക് എന്ന ആശയമല്ല കൊണ്ടുവരേണ്ടത്. മറിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ, പഠിക്കാൻ, ഇഷ്ടമുള്ള ജോലി ചെയ്യാൻ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ, പ്രണയിക്കാൻ പുരുഷനെ പോലെ അവൾക്കും അവകാശമുണ്ടെന്നു ഇനിയും വെളിച്ചം കടന്നു ചെന്നിട്ടില്ലാത്ത കുടുംബങ്ങളെ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടത്.

വന്നു ചേർന്ന ദുർവിധികളെ പഴിച്ചു സ്വന്തം സ്വപ്നങ്ങൾ അടിച്ചമർത്തി കരഞ്ഞു കണ്ണു കലങ്ങി കഴിയുന്ന സ്ത്രീകളോട് ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ, സമരം ചെയ്യാതെ, ശബ്ദമുയർത്താതെ നിങ്ങൾക്കൊന്നും നേടാനാകില്ല… നമുക്ക് സ്വയം നവീകരിക്കാം.പോരാട്ടങ്ങൾ തുടരാം, അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാകാം…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!